05 സെപ്റ്റംബർ, 2011


ഒരുമയുടെ ഓണം

ഓണക്കാലമെത്തുമ്പോള്‍ ഗൃഹാതുരതയുടെ ഒരു പരിസരം കൂടി ഇതള്‍വിരിയുന്നുണ്ട്.ഓണവുമായി ബന്ധപ്പെട്ടു ഒരുപാട് വിശ്വാസങ്ങളും കഥകളും പണ്ടേ പറഞ്ഞു പരക്കുന്നുണ്ട്.നാടോടിപ്പാട്ടുകളും കഥയും പഴഞ്ചൊല്ലും എല്ലാം ചേര്‍ന്ന പ്രകൃതിയുടെ ഉല്‍സവത്തെ നമുക്കും വരവേല്‍ക്കാം. ഓണനിലാവുപരന്നൊഴുകുമ്പോള്‍ നമുക്കും പോയകാലത്തെ നന്‍മയുടെ പൂക്കാലത്തേക്ക് തിരിച്ചു നടക്കാം മലയാളനാട്ടില്‍ എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ജീവിക്കാന്‍പറ്റിയ സാഹചര്യമുണ്ടാക്കിയ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിനെ നാം മാവേലി എന്നുവിളിച്ചു.മാവേലിയും പുരാണത്തിലെ മഹാബലിയും ഒന്നാണെന്നും അല്ലെന്നും പറഞ്ഞുള്ള വഴക്ക് ഇപ്പോഴും തുടരുകയാണ്. ഓണം കേരളത്തിന്റെ കാര്‍ഷികോത്സവമായിരുന്നു. ഇടവപ്പാതിപ്പെരുമഴയെല്ലാമൊഴിഞ്ഞ് മാനം തെളിയുന്ന കാലം.വിളവെടുപ്പുകഴിഞ്ഞ് കര്‍ഷകര്‍ വിശ്രമിക്കുന്ന കാലം. ഇന്ന് കൃഷിയെല്ലാം പോയി. എല്ലാമെന്ന് പറഞ്ഞുകൂടാ. പേരിനുമാത്രം. ഏത് കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകും. പക്ഷേ ഓണം ഒട്ടും പകിട്ടു കുറയ്ക്കാതെ നമ്മുടെ മനസ്സിലുണ്ട്.ഓണം ഇന്ന് മറ്റൊരു തരം ഉത്സവമായി മാറിയിട്ടുണ്ട്. ഓണത്തിന് ഓണക്കോടിയും സദ്യയും പ്രധാനം തന്നെ. ഉപ്പേരി, ശര്‍ക്കരപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്, അച്ചാര്‍ , കിച്ചടി, പച്ചടി, പരിപ്പ്, സാമ്പാര്‍ , രസം, അവിയല്‍ , കാളന്‍ , ഓലന്‍ , തോരന്‍ , എരിശ്ശേരി, കൂട്ടുകറി, പായസം, പഴം, പപ്പടം തുടങ്ങിയവയെല്ലാം ചേര്‍ത്തുള്ള സദ്യ ഓണക്കളികളിലും ഉത്സവങ്ങളിലും പങ്കെടുക്കണം.ഓണവിശേഷങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും നമുക്കുസഞ്ചരിക്കാം.
മുത്തശ്ശിമുല്ല
ഓരോ മുറ്റവും മെഴുകിമിനുക്കിക്കൊ- 
ണ്ടോണനിലാവുപരന്ന രാവില്‍ 
അത്താഴപ്പിന്‍പരക്കാതം നടക്കുവാന്‍
മുറ്റത്തിറങ്ങവേ, കേട്ടു ഞാന്‍ : 
"മുത്തശ്ശിയമ്മയ്ക്കു തൊണ്ണൂറാം കാലത്ത് 
മുത്തരിപ്പല്ല് മുളച്ചൂലോ! 
പുത്തരിയവില് കൊറിക്കാലോ!- ഇനി 
വെറ്റിലപ്പാക്കും ചവയ്ക്കാലോ!"
ശ്രാവണസംഗീതം

ഇവിടെ വിരിയുന്ന മുല്ലപോല്‍ മുക്കുറ്റിപോല്‍ 
ഇനിയും നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ 
കാതോര്‍ക്കും ഞാന്‍! 

ഓണപ്പാട്ടുകള്‍ 
ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടീ 
ഓര്‍മകളില്‍ വാഴുമൊരു മന്നവനെപ്പറ്റി! 
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും 
വസുധയുടെ മക്കളെയാ നൃപനൊരുപോല്‍ കണ്ടൂ. 
ദേവകള്‍തന്നല്പതയോ വാമനത്വമാര്‍ന്നു 
ഭൂവില്‍വന്നാ മാനവനെ വന്‍ചതിയില്‍ വെന്നൂ. 

ഓണച്ചിന്തുകള്‍
ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊ-
രോണം പടികടന്നെത്തുന്നു 
പോയാണ്ടില്‍ വന്നുപോയ പൊന്നാവണി- 
പ്പൂവുകള്‍ വീണ്ടുമിങ്ങെത്തുന്നു പൊട്ടി 
കരഞ്ഞില്ലാ പോതി ചിരിച്ചില്ല 
കണ്ണീര്വറ്റിയ കര്‍ക്കടമേ! 
എന്നാലിനിപ്പോയ്വന്നാട്ടെ.... 

ഒരോണപ്പാട്ട് കൂടി

ഒരു ചിങ്ങം കൂടി!- ഒരു
തിരുവോണം കൂടി! 
ഇളവെയിലിന്‍ കുമ്പിളില്‍ നി-
ന്നരളിപ്പൂവിതറി 
ചെറുമഞ്ഞത്തുമ്പികളാം 
തിരുവാഹനമേറി ഒരു ചിങ്ങം കൂടി!- ഒരു 
തിരുവോണം കൂടി!


ഓണപ്പൂക്കള്‍ 

ശാന്തമായ പ്രകൃതം സൂചിപ്പിക്കുന്ന വെളുത്ത തുമ്പപ്പൂവിന്റെ സ്ഥാനം ഓണപ്പൂക്കളത്തില്‍ മധ്യത്തിലാണ്. പൂക്ക ളം എത്ര വട്ടത്തിലിട്ടാലും ഏതു നിറത്തിലുള്ള പൂക്കളിട്ടാലും നടുക്ക് തുമ്പപ്പൂ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ്.ദശപുഷ്പങ്ങളില്‍ ഒന്നായ മുക്കുറ്റി കേരളത്തിലെ എല്ലാസ്ഥലങ്ങളിലും കാണപ്പെട്ടിരുന്നു. മൂക്കുത്തി പോലെ തിളങ്ങുന്ന ചെറിയ മഞ്ഞപ്പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. കൊങ്ങിണിപ്പൂ, തേവിടിശ്ശിപ്പൂ എന്നൊക്കെയാണ് ഇതിന്റെ മറ്റ് പേരുകള്‍ . കാട്ടിലുള്ള അരിപ്പൂവിന് ഓറഞ്ച് നിറമാണ്. പൂന്തോട്ടങ്ങളില്‍ വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് അരിപ്പൂ കാണപ്പെടുന്നത്. ഇനിയും ഏറെ പൂക്കളുണ്ട്.ആമ്പല്‍പ്പൂവ് (വെള്ളയും ചുമപ്പും), അരിപ്പൂവ് (കൊങ്ങിണിപ്പൂവ്, ചെട്ടിപ്പൂവ്, ഒടിച്ചുകുത്തിപ്പൂവ്), അരളിപ്പൂവ് (മഞ്ഞയും റോസും), അലറിപ്പൂവ്, അശോകപ്പൂവ്, അശോകത്തെച്ചി, ആറുമാസപ്പൂവ്, ഇടിവെട്ടിപ്പൂവ്, ഇരട്ടച്ചെമ്പരത്തിപ്പൂവ്, ഇലഞ്ഞിപ്പൂവ്, എരിക്കിന്‍പൂവ്, ഏഴിലംപാലപ്പൂ, കരിമ്പിന്‍പൂവ്, കദളിപ്പൂവ്, കനകാംബരപ്പൂവ്, കരിങ്കൂവളപ്പൂവ്, കവുങ്ങിന്‍പൂവ് (പൂക്കുല), കാക്കപ്പൂവ് (നൊച്ചിപ്പൂവ്), കാട്ടുമുല്ല, കാതില, കാശിത്തുമ്പ, കുങ്കുമപ്പൂവ്, കുറിഞ്ഞിപ്പൂവ്, കുളവാഴപ്പൂവ്, കൂവപ്പൂവ്, കണ്ണിലെണ്ണപ്പൂവ്, കണ്ണില്‍ ദണ്ണപ്പൂവ്, കൃഷ്ണകിരീടപ്പൂവ്, കൈതപ്പൂവ്, കൊന്നപ്പൂവ്, കോളാമ്പിപ്പൂവ്, ചെട്ടിപ്പൂവ് (ഉണ്ടച്ചെട്ടി, കാട്ടുചെട്ടി), ചെത്തിപ്പൂവ് (തെച്ചി), ചെന്താമരപ്പൂവ്, ചെമ്പരത്തിപ്പൂവ്, ചേമന്തിപ്പൂവ് ( ജമന്തിപ്പൂവ്), ഡാലിയപ്പൂവ്, വെണ്‍താമര, താഴമ്പൂ, തീണ്ടാനാഴി, തുമ്പ, തെങ്ങിന്‍പൂക്കുല, തൊട്ടാവാടി, നിശാഗന്ധി, പതിറ്റടിപ്പൂ, പനിനീര്‍പ്പൂ (റോസാപ്പൂ), പനിനീര്‍ ചെമ്പകം, പവിഴമല്ലി, പാതിരാപ്പൂ, പാരിജാതപ്പൂ, പാലപ്പൂ, പുഷ്കരമുല്ല, മന്ദാരപ്പൂ, മലവാകപ്പൂവ്, മുക്കുറ്റിപ്പൂ, മുരിക്കിന്‍പൂ (അരിമുല്ല, ആകാശമുല്ല, ഈര്‍ക്കിലിമുല്ല, ചക്കമുല്ല, റോസ്മുല്ല.


ഓണക്കളികള്‍ 

പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഓണക്കളിയാണ് തുമ്പിതുള്ളല്‍ . ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഒരു വൃത്തത്തില്‍ കുടിയിരിക്കുന്നു. പാട്ട് ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ നടുവിലുള്ള തുമ്പിപ്പെണ്ണ് തുള്ളിത്തുടങ്ങും. കൈയിലുള്ള പൂങ്കുല കൊണ്ട് മറ്റ് പെണ്‍കുട്ടികളെ അടിച്ചുതുടങ്ങും. പണ്ട് ഓണത്തിന്റെ പ്രധാന വിനോദമായിരുന്നു ഓണത്തല്ല്. ഓണത്തല്ല് സംഘടിപ്പിക്കുന്നത് നാടുവാഴികളായിരുന്നു. രണ്ട് ചേരികളിലായി അണിനിരക്കുന്ന കളിക്കാര്‍ നാടുവാഴിയുടെ നിര്‍ദ്ദേശം കിട്ടിയാല്‍ തല്ല് തുടങ്ങും. തല്ലിന്റെ നിയമം തെറ്റിക്കുന്നവര്‍ കളിയില്‍ നിന്ന് പുറത്താകും.തൃശ്ശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും കാണുന്ന ആഘോഷമാണ് കുമ്മാട്ടി.

വീട് തോറും കയറിയിറങ്ങുന്ന കുമ്മാട്ടികലാരൂപങ്ങളായി വേഷമിടുന്നത് കുട്ടികളും ചെറുപ്പക്കാരുമാണ്. മഹാബലിചക്രവര്‍ത്തിയാണ് ഓണത്താര്‍ . ഉത്തരകേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഓണക്കാലത്ത് കോലം കെട്ടി ആടുന്ന തെയ്യമാണിത്. പ്രത്യേകതരം വേഷംകെട്ടിയ ഓണത്താര്‍ ഉത്രാടം, തിരുവോണം നാളുകളില്‍ നാട്ടിലുള്ള ഓരോ വീടുകളിലും സന്ദര്‍ശനം നടത്തും. കൂടെയുള്ളവര്‍ ചെണ്ട കൊട്ടുന്നു. മഹാബലിയെ പറ്റിയുള്ള പാട്ടുകള്‍ പാടുകയും ചെയ്യുന്നു. ഓണത്താറിന്റെ കൈയില്‍ ഓണവില്ലുണ്ടാകും. ഇതിലെ മണികളില്‍ തട്ടിക്കൊണ്ടാണ് ഓണത്താര്‍ ആടുന്നത്തൃശൂര്‍ ജില്ലയിലാണ് പുലികളി കൂടുതലായും നടക്കുന്നത്. അവിശ്വസനീയമായ വൈഭവത്തോടെ പുലിയുടെയും സിംഹത്തിന്റെയും കടുവയുടെയും രൂപം ദേഹത്തുവരച്ചു ചേര്‍ത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന പുലിവീരന്മാരെ കാണുവാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത് നന്‍മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുണര്‍ത്തി ഓണം നമ്മുടെ മനസിലുണ്ടാവും. എല്ലാ ആഘോഷങ്ങളെയും നെഞ്ചേറ്റുന്ന മലയാളിയും കാണം വിറ്റും 
ഓണമുണ്ണുന്നു


നന്ദി ദേശാഭിമാനി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ