05 സെപ്റ്റംബർ, 2011


ഓണമുണ്ണാന്‍ പായസംപത്തു തരം

ഇളനീര്‍ പായസം

 ആവശ്യമുള്ള സാധനങ്ങള്‍ :

1. ഇളനീര്‍ ചുരണ്ടിയെടുത്തത് - 2 കപ്പ് 
2. പാല്‍ - ഒന്നര കപ്പ് 
3. പഞ്ചസാര - 3 കപ്പ് 
4. അണ്ടിപ്പരിപ്പ്, കിസ്മിസ് - 1 ടേബിള്‍സ്പൂണ്‍ വീതം 
5. നെയ്യ് - 1 ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: ചുവട് കട്ടിയുള്ള പാത്രത്തില്‍ പാല്‍ നന്നായി തിളപ്പിക്കുക. ചുരണ്ടിയ ഇളനീര്‍ ചെറിയ കഷ്ണങ്ങളാക്കി തിളച്ച പാലില്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. പാല്‍ കുറുകി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ ഓഫ്ചെയ്ത് നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും വിതറി ചൂടാറിയ ശേഷം ഉപയോഗിക്കുക. 


ക്യാരറ്റ് പായസം 


ആവശ്യമുള്ള സാധനങ്ങള്‍ : 

ക്യാരറ്റ് - 1 കിലോ 
പാല്‍ - 2 ലിറ്റര്‍ 
പഞ്ചസാര - മുക്കാല്‍ കിലോ 
അണ്ടിപ്പരിപ്പ്/മുന്തിരി - ഓരോ സ്പൂണ്‍ 
നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാലില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ക്യാരറ്റ് നന്നായി വേവിക്കുക. വെന്ത ക്യാരറ്റ് മിക്സിയില്‍ അടിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ അരച്ച ക്യാരറ്റും പഞ്ചസാരയും ചേര്‍ത്ത് 15 മിനിറ്റോളം തുടരെ ഇളക്കുക. കട്ടിയായി വരുമ്പോള്‍ ബാക്കി പാല്‍ കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. കുറുകിയാല്‍ വാങ്ങിവച്ച് അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ ചൂടാക്കിയതും ഏലക്കാ പൊടിച്ചതും മുകളില്‍ വിതറുക.


ഇടിച്ചുപിഴിഞ്ഞ പായസം


ആവശ്യമുള്ള സാധനങ്ങള്‍ :
ഉണക്കല്ലരി - 1
ഗ്ലാസ് കുറുകിയ തേങ്ങാപ്പാല്‍ - 2 ഗ്ലാസ് 
രണ്ടാംപാല്‍ - 4 ഗ്ലാസ് 
ശര്‍ക്കര - അര കിലോ കദളിപ്പഴം/നേന്ത്രപ്പഴം - 2 എണ്ണം 
തയ്യാറാക്കുന്ന വിധം: 
ഉണക്കല്ലരി അല്‍പ്പം വെള്ളത്തില്‍ വേവിക്കുക (മൂന്നാം പാലിലും ആകാം). ഒരുവിധം വെന്തുതുടങ്ങിയാല്‍ രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി വേവിക്കുക. നന്നായി വെന്താല്‍ ശര്‍ക്കര ചേര്‍ത്ത് വീണ്ടും ഇളക്കി കുറുക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തീയണക്കുക. കദളിപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് പായസത്തില്‍ ചേര്‍ത്ത് അടച്ചുവയ്ക്കുക. 



പാല്‍പ്പായസം (എളുപ്പത്തില്‍)


ആവശ്യമുള്ള സാധനങ്ങള്‍ : 
പാല്‍ - ഒന്നരലിറ്റര്‍ പഞ്ചസാര - 3 കപ്പ് 
ഉണക്കല്ലരി - 1 കപ്പ് 
നെയ്യ് - 1 ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: വലിയ കുക്കറില്‍ എല്ലാം കൂടിചേര്‍ത്ത് അടുപ്പില്‍വയ്ക്കുക. ആദ്യത്തെ വിസില്‍ വരുന്നതിനുമുമ്പായി കുറഞ്ഞ തീയില്‍ ഇട്ട് മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. വാങ്ങിവച്ച് നന്നായി ഇളക്കി തണുപ്പിച്ച് ഉപയോഗിക്കാം. 





സാബൂലരി പായസം


ആവശ്യമുള്ള സാധനങ്ങള്‍ : 
സാബൂലരി - 1 ഗ്ലാസ് 
പാല്‍ - ഒന്നര
ലിറ്റര്‍ പഞ്ചസാര - അര കിലോ 
അണ്ടിപ്പരിപ്പ് - 2 ടേബിള് ‍സ്പൂണ്‍ 
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍ 
ഏലയ്ക്കാ പൊടിച്ചത് - 1 നുള്ള് 
തയ്യാറാക്കുന്ന വിധം: 
സാബൂലരി ചൂടുവെള്ളത്തില്‍ നന്നായി കഴുകി പച്ചവെള്ളത്തില്‍ 4-5 മണിക്കൂര്‍ കുതിര്‍ക്കുക. പാല്‍ നന്നായി തിളപ്പിച്ച് കുതിര്‍ത്ത സാബൂലരി ഇട്ട് വേവിക്കുക. വെന്ത് കുറുകിയാല്‍ അണ്ടിപ്പരിപ്പും കിസ്മിസ് മൂപ്പിച്ചതും ഏലക്കാപൊടിച്ചതും വിതറുക. 



ചെറുപയര്‍ പരിപ്പ് പ്രഥമന്‍


ആവശ്യമുള്ള സാധനങ്ങള്‍ : 

ചെറുപയര്‍ പരിപ്പ് - 1 ഗ്ലാസ് 
ശര്‍ക്കര - അര കിലോ 
തേങ്ങ - 3 ഗ്ലാസ് 
തയ്യാറാക്കുന്ന വിധം: 
ചെറുപയര്‍ പരിപ്പ് വറുക്കുക. (പകുതിയോളം നന്നായി ചുവക്കെ വറുക്കണം. ബാക്കി കുറച്ച് ചൂടാക്കിയാല്‍ മതി). കുറച്ചുവെള്ളത്തില്‍ ഇത് വേവിക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് അതിലേക്ക് വെന്ത പരിപ്പ് ചേര്‍ത്ത് ഇളക്കുക. നന്നായി വെന്തുടഞ്ഞാല്‍ ആദ്യം തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് പത്തുമിനിറ്റ് ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ വാങ്ങിവച്ച് തണുപ്പിക്കുക. 


അട പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍ : 

ഉണക്കല്ലരി നേര്‍മയായി പൊടിച്ചത് - 2 ഗ്ലാസ് 
ശര്‍ക്കര - മൂക്കാല്‍ കിലോ തേങ്ങ - 3 എണ്ണം 
നെയ്യ് - 2 ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അരിപ്പൊടി അല്‍പം വെള്ളത്തില്‍ കുറുകെ കലക്കിവയ്ക്കുക. ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍വയ്ക്കുക. വാഴയില വാട്ടി കീറുകളാക്കി പരത്തിവെക്കുക. അരിമാവ് ഓരോ ഇലയിലും കനംകുറച്ച് പരത്തി ഇലചുരുട്ടി കെട്ടി തിളച്ച വെള്ളത്തിലേക്കിട്ട് 15-20 മിനിറ്റ് തിളപ്പിക്കുക. വെന്താല്‍ അട അല്‍പനേരം തണുത്ത വെള്ളത്തിലിട്ട് പിന്നീട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെക്കുക. ശര്‍ക്കര ഉരുക്കി നുറുക്കിയ അട അതിലേക്കിട്ട് വഴറ്റുക. തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകുമ്പോള്‍ വാങ്ങിവച്ച് ഒന്നാംപാല്‍ ചേര്‍ത്ത് മൂടിവയ്ക്കുക. (ഇന്‍സ്റ്റന്റ് അട കൊണ്ടും ഉണ്ടാക്കാവുന്നതാണ്). 

കലക്കി പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍ : 
ഉണക്കല്ലരി നേര്‍മയായി പൊടിച്ചത് - 1 ഗ്ലാസ് 
തേങ്ങാപ്പാല്‍ - 2 തേങ്ങയുടെ ഒന്നാംപാല്‍ , രണ്ടാംപാല്‍ , മൂന്നാംപാല്‍ (വേര്‍തിരിച്ചെടുത്തത്) 
ശര്‍ക്കര - അര കിലോ 
ജീരകം പൊടിച്ചത് - ഒരു നുള്ള് 
തയ്യാറാക്കുന്ന വിധം: അരിപ്പൊടി 2 ഗ്ലാസ് മൂന്നാംപാലില്‍ കട്ടയില്ലാതെ കലക്കിവയ്ക്കുക. ശര്‍ക്കര അല്‍പ്പം വെള്ളത്തില്‍ ഉരുക്കി അരിച്ച് ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒഴിക്കുക. അതിലേക്ക് അരിപ്പൊടി കലക്കിയതും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളക്കുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറുകിയാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങിവെച്ച് കുറച്ചുനേരം അടച്ചുവെച്ചതിനുശേഷം ഉപയോഗിക്കാം. 

അവല്‍ പായസം
ആവശ്യമുള്ള സാധനങ്ങള്‍ : 
അവല്‍ - 1 ഗ്ലാസ് 
പാല്‍ - 4 ഗ്ലാസ് 
പഞ്ചസാര - 1 ഗ്ലാസ് 
അണ്ടിപ്പരിപ്പ്, കിസ്മിസ്- 1 ടേബിള്‍സ്പൂണ്‍
വീതം ഏലക്കായ പൊടിച്ചത് - 1 നുള്ള് 
നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അവല്‍ അരമണിക്കൂര്‍ നനച്ച് പൊത്തിവയ്ക്കുക. പാല്‍ തിളപ്പിച്ച് കുതിര്‍ന്ന അവല്‍ ചേര്‍ത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കുറുകിയാല്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി പത്തുമിനിട്ടുകൂടി വേവിക്കുക. നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാ പൊടിയും ചേര്‍ത്തിളക്കി അടച്ചുവയ്ക്കുക. 

ചക്ക പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍ : 
ചക്ക വരട്ടിയത് - 200 ഗ്രാം 
ശര്‍ക്കര - 200 ഗ്രാം 
തേങ്ങാപ്പാല്‍ - 3 തേങ്ങയുടെ 
ഒന്നാംപാല്‍ , രണ്ടാംപാല്‍ വേറെ വേറെ എടുത്തത് 
തേങ്ങാക്കൊത്ത് - 2 ടേബിള്‍സ്പൂണ്‍ 
നെയ്യ് - 1 ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ വെള്ളത്തില്‍ വരട്ടിവെച്ച ചക്കയിട്ട് അയവാക്കുക. അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് ഉരുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് ഇളക്കുക. നന്നായി തിളച്ചാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ വാങ്ങിവച്ച് നെയ്യില്‍ മൂപ്പിച്ച തേങ്ങാക്കൊത്ത് വിതറി ഉപയോഗിക്കുക. 

-ദേവകി തെക്കേടത്ത്  
....................................................................................................

തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി 


പുളിയിഞ്ചി

പുളി - കാല്‍ കിലോ 
ഇഞ്ചി, പച്ചമുളക്- 100 ഗ്രാം 
കടുക്, ഉലുവ പൊടിച്ച ത് - 1 സ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
ശര്‍ക്കര - 100 ഗ്രാം 
ഉണക്കമുളക്- ആറെണ്ണം 
കറിവേപ്പില- കുറച്ച് 
തയ്യാറാക്കുന്ന വിധം: പുളി അല്‍പ്പനേരം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. പിന്നീട് വെള്ളം ചേര്‍ത്ത് ആവശ്യത്തിന് കലക്കുക. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേര്‍ക്കുക. കുറുകുമ്പോള്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തുടര്‍ന്ന് ശര്‍ക്കര മുറിച്ച് ഇതിലേക്ക് ഇടുക. നല്ല പോലെ കുറുകണം. പാത്രം ഇറക്കിവച്ച് കടുകും ഉണക്കമുളകും കറിവേപ്പിലയും ഇതിലേക്ക് വറുത്തിടുക. ഇതിന്റെ മുകളിലേക്ക് ഉലുവ പൊടിച്ചത് വിതറി ഉപയോഗിക്കാം. 

നാരങ്ങ അച്ചാര്‍ 
വടുകപ്പുളി നാരങ്ങ - 1 ചെറുത് 
മുളകുപൊടി - അഞ്ച് സ്പൂണ്‍ 
കായം, ഉലുവപ്പൊടി-ഒരു സ്പൂണ്‍ 
എണ്ണ- ഒരു സ്പൂണ്‍ 
ഉപ്പ് - പാകത്തിന് 
കറിവേപ്പില- കുറച്ച് 
തയ്യാറാക്കുന്ന വിധം: നാരങ്ങ തൊലിയോടെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഉപ്പുപുരട്ടി പത്തു മിനിറ്റ് വെയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി മുളക്, കായം എന്നിവ ഇട്ട് മൂപ്പിക്കുക. മുറിച്ച നാരങ്ങ കഷ്ണങ്ങള്‍ അതിലേക്ക് ചേര്‍ത്തിളക്കുക. ഉലുവപ്പൊടി ഈ കൂട്ടിന്റെ മുകളില്‍ വിതറുക. കറിവേപ്പില ഇതള്‍ അടര്‍ത്തി ചേര്‍ത്ത് ഉപയോഗിക്കാം. 

ഇഞ്ചിത്തൈര് 

കട്ടിയുള്ള തൈര്- ഒരു കപ്പ്, 
ഇഞ്ചി - വലിയ ഒരു കഷ്ണം, 
പച്ചമുളക് - 10 എണ്ണം, 
കറിവേപ്പില - 2 തണ്ട്, 
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം: പച്ചമുളകും ഇഞ്ചിയും പൊടിയായി അരിഞ്ഞ് 
കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് തൈരില്‍ കലക്കി ചേര്‍ത്ത് ഉപയോഗിക്കാം.






നന്ദി ദേശാഭിമാനി 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ