08 മേയ്, 2011

കുട്ടികളെ കൊല്ലുന്ന ഫാംവില്ലെ!

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ഫാംവില്ലെ ഒരു കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെ ഫാംവില്ലെ ഉപയോക്താവായ സ്ത്രീയാണ് തന്റെ കുഞ്ഞിനെ കൊന്നത്. ഫാംവില്ലെ ഗെയിമിന് അടിപ്പെട്ട ഇവര്‍ കളിക്കുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞ കുട്ടിയെ തത്സമയം കൊല്ലുകയായിരുന്നു.

അലക്സാണ്ട്ര വി തൊബിയാസ് എന്ന ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. ഇത്തരമൊരു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം പ്രായമായ കുട്ടിയെയാണ് ഇവര്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കായി കൊന്നത്.

ഫാംവില്ലെ ഗെയിമിന് അടിപ്പെടുന്നവരുടെ എണ്ണം ദിനം‌പ്രതി വര്‍ധിച്ചുവരികയാണ്. ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട് ചെലവിട്ട കുട്ടിയുടെ റിപ്പോര്‍ട്ടും അടുത്തിടെ വന്നിരുന്നു. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് കുട്ടി പണം നല്‍കിയത്.

കുറഞ്ഞകാലം കൊണ്ട് ഫേസ്ബുക്കില്‍ ഏറെ ജനപ്രീതി നേടിയ ഗെയിമാണ് ഫാംവില്ലെ. വിര്‍ച്വല്‍ കൃഷിയിടവും വിളവും നല്‍കുന്ന ഗെയിം കളിക്കാരന്റെ മികവിന് അനുസരിച്ച് മുന്നോട്ടുകൊണ്ടു പോകാനാകും. വിത്തുപാകല്‍, കൃഷിയിടം നനക്കല്‍, വിളവെടുപ്പ്, ഇതിന് പുറമെ ആട്, പശു, താറാവ്, കോഴി എന്നിവയെല്ലാം വളര്‍ത്താനും ഈ ഗെയിമില്‍ അവസരമുണ്ട്.

ഫാംവില്ലെയില്‍ 230 ദശലക്ഷം പേര്‍ സ്ഥിരമായി കളിക്കാനെത്തുന്നു. ഇതിന് പുറമെ മാഫിയ വാര്‍, കെയ്ഫ് വേള്‍ഡ്, പെറ്റ്വില്ലെ, ഫിഷ്‌വില്ലെ ഗെയിമുകളും സജീവമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ