19 മേയ്, 2011

പാതിരാസൂര്യനായി ഗൂഗിള്‍ വന്നാല്‍


ചാരക്കണ്ണുകള്‍ ഇമചിമ്മാതെ കാത്തുനില്‍ക്കുന്ന ഇന്റര്‍നെറ്റ് ലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കാനുള്ളതെല്ലാം നല്ലതിന് എന്ന സാന്ത്വനസന്ദേശത്തെ അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒരൊറ്റ ബ്രൗസിങ് കഴിയുന്നതോടെ സ്വന്തം ഇ-മെയില്‍ ഐഡികളും പാസ്വേഡുകളും ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളും എല്ലാം കാണാമറയത്തിരിക്കുന്ന വില്ലന്റെ കൈയില്‍ക്കിടന്നു പിടയില്ലെന്ന് എങ്ങനെ തറപ്പിച്ചുപറയാനാവും? അത്രയ്ക്കുണ്ട് ഓണ്‍ലൈനില്‍ നടമാടുന്ന സ്പൈവെയറുകളുടെ സാമര്‍ഥ്യം!
സ്പൈവെയറുകളല്ലെങ്കിലും ചില പ്രോഗ്രാമുകള്‍ ചാരപ്പണിക്ക് കൂട്ടുനില്‍ക്കുന്നില്ലേ എന്ന സംശയത്തിന്റെ മുന നീണ്ടത് ഗൂഗിളിന്റെ "ഡെസ്ക്ടോപ്പ് സെര്‍ച്ച്" എന്ന അപ്ലിക്കേഷനിലേക്കായത് ആകസ്മികം മാത്രം. ഗൂഗിളിന്റെ, പ്രത്യേകിച്ചും ആ വണ്ടര്‍ഫുള്‍ സെര്‍ച്ച് എന്‍ജിന്‍ ടെക്നോളജിയുടെ, ആരാധകനായതിനാല്‍ അരികത്തണഞ്ഞപ്പോള്‍ത്തന്നെ ഗൂഗിള്‍ ഡെസ്ക്ടോപ്പ് സെര്‍ച്ച് അപ്ലിക്കേഷന്‍ കംപ്യൂട്ടറിലാക്കാനായിരുന്നു തിടുക്കം. കംപ്യൂട്ടറിനെ അടിമുടി സ്കാന്‍ചെയ്തെടുത്ത് ഒന്നാന്തരമൊരു സെര്‍ച്ച് ഇന്‍ഡക്സ് തയ്യാറാക്കാനും, വെബ്സെര്‍ച്ചിലെന്നപോലെ ഡെസ്ക്ടോപ് സെര്‍ച്ചും നല്ലൊരു അനുഭവമാക്കാനും പറ്റിയ ഒന്നാന്തരമൊരു അപ്ലിക്കേഷന്‍തന്നെയെന്ന് കാലതാമസമില്ലാതെ ബോധ്യമായപ്പോള്‍ "ഫോട്ടോഗ്രാഫിക് മെമ്മറി ഓഫ് യുവര്‍ പിസി" എന്ന ഗൂഗിളിന്റെ ആ വിശേഷണത്തോട് പൂര്‍ണമായും യോജിക്കുകയായിരുന്നു. സംഗതി സൂപ്പര്‍! http://desktop.google.com/
പിന്നീട് ഇന്റര്‍നെറ്റില്‍ത്തന്നെ മുക്കിലും മൂലയിലും ചില വിയോജനക്കുറിപ്പുകള്‍ കണ്ടപ്പോഴാണ് വീണ്ടുവിചാരം ഉണ്ടായത്. സ്വന്തമായി മാത്രം കൈാര്യംചെയ്യുന്ന കംപ്യൂട്ടര്‍ അവിടെയിരിക്കട്ടെ. അത്യാവശ്യത്തിന് വഴിയോരത്തുള്ള ഒരു നെറ്റ്കഫേയിലെയോ മറ്റോ പൊതു കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അതില്‍ "ഗൂഗിള്‍ ഡെസ്ക്ടോപ് സെര്‍ച്ച്" ഒളിച്ചിരിപ്പുണ്ടെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം.
സിസ്റ്റത്തില്‍ ഐക്കണ്‍ തന്ത്രപൂര്‍വം ഹൈഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണെങ്കില്‍ പുറത്താരും അത് അറിയുകയില്ല. ഇ-മെയിലുകള്‍ , വേഡ് ഡോക്യുമെന്റുകള്‍ , പ്രസന്റേഷനുകള്‍ , എക്സല്‍ സ്പ്രെഡ്ഷീറ്റുകള്‍ , സെക്യുര്‍ (https://)   ആയതുള്‍പ്പെടെയുള്ള വെബ്പേജുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും എന്നിങ്ങനെ കൈകാര്യംചെയ്യുന്നതെല്ലാം അണിയറയില്‍ ഇന്‍ഡക്സ് ചെയ്യപ്പെടും. ചുരുക്കത്തില്‍ ആ സിസ്റ്റത്തിലെ നമ്മുടെ സകല ഡിജിറ്റല്‍ ആക്ടിവിറ്റികളും ചുവരെഴുത്തുപോലെ ആര്‍ക്കും കാണാനും വളച്ചൊടിക്കാനും എന്തെളുപ്പം. പാസ്വേഡുകളും കോഡുകളുംപോലും പല പല കൈകളിലൂടെ പാസ് ചെയ്തെന്നിരിക്കും!
കുരുട്ടുബുദ്ധിയുടെ വിളയാട്ടമുള്ളിടത്തേ ഇത്തരത്തിലൊരു ഗൂഗിള്‍ അപകടമുണ്ടാകൂ എന്ന് ആശ്വസിക്കാം. എന്തായാലും ഒന്നല്ലെങ്കില്‍ മറ്റൊരു "സ്പൈവെയര്‍" സര്‍വവ്യാപിയായി കണ്ടേക്കുമെന്ന സംശയം നല്ലതുതന്നെ. അപ്പോള്‍ പൊതു കംപ്യൂട്ടറുകളെ ആശ്രയിക്കേണ്ടിവന്നാല്‍ ഇത്രയെങ്കിലും കരുതല്‍ വേണം.
$ ബ്രൗസിങ്ങില്‍ മാത്രമായി പൊതു കംപ്യൂട്ടറിന്റെ ഉപയോഗം ചുരുക്കുക.
$ ഇ-മെയില്‍ നോക്കാതെവയ്യെങ്കില്‍ ഒരു റിമോട്ട് ആന്റി-സ്പൈവെയര്‍ സ്കാനിങ് നടത്തണം.
$ ബാങ്കിങ്/പര്‍ച്ചേസ് ആക്ടിവിറ്റികള്‍ക്ക് പബ്ലിക് ടെര്‍മിനലുകള്‍ വേണ്ടെന്നുറപ്പിക്കുക.
$ സര്‍ഫിങ് തീരുമ്പോള്‍ വെബ് ബ്രൗസര്‍ സെറ്റിങ് എടുത്ത് കുക്കികള്‍ , കാഷ്, ടെമ്പററി ഫയലുകള്‍ , വെബ് ഹിസ്റ്ററി എന്നിവ ഡിലീറ്റ് ചെയ്തശേഷം മാത്രം ഇരിപ്പിടം ഒഴിയുക.
$ ഗൂഗിള്‍ ഡെസ്ക്ടോപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ "ത്രീ ഫിംഗര്‍ സല്യൂട്ട്" (കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ്) അടിച്ച് വിന്‍ഡോസ് കംപ്യൂട്ടറെങ്കില്‍ അതിന്റെ "ടാസ്ക് മാനേജര്‍" വിന്‍ഡോ തുറന്ന് "പ്രോസസ്" ടാബിലേക്കു കടക്കുക. അവിടെ ഈ പ്രോസസുകളുണ്ടെങ്കില്‍ (GoogleDesktop.exe, GoogleDesktopindex.exe) അവ എന്‍ഡ് ചെയ്തശേഷം മാത്രം സെന്‍സിറ്റീവ് ഇന്റര്‍നെറ്റ് ആക്ടിവിറ്റികള്‍ തുടങ്ങുക. സ്വന്തം സിസ്റ്റത്തില്‍ സ്പൈവെയര്‍ ഉണ്ടെന്നു പേടിക്കുന്നതും ഇല്ലെന്ന് ആശ്വസിക്കുന്നതും അവരവരുടെ കാര്യം. സ്പൈവെയറുകളെ എങ്ങനെ തുരത്താമെന്ന് അറിയണമെങ്കില്‍ ഇത്രയെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തണം. http://www.voidrealms.com/article8.aspx.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ