26 ജൂൺ, 2011

സൂക്ഷിക്കണം ഫേസ്ബുക്കിലെ ചതിക്കുഴികളും ......

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന് പുതിയൊരു മുഖകാന്തി നല്‍കിയ ഫേസ്ബുക്കില്‍ ഇപ്പോള്‍ 600 ദശലക്ഷം അംഗങ്ങള്‍ . സ്കൂള്‍കുട്ടികള്‍മുതല്‍ വ്യവസായഭീമന്മാര്‍വരെ ഫേസ്ബുക്കില്‍ സജീവമാണ്. പല പ്രൊഫൈലുകളും പൂര്‍ണമായും സുതാര്യം. പുറത്തുനിന്നാല്‍ മതി, അകം മുഴുവന്‍ പകല്‍വെളിച്ചത്തിലെന്നപോലെ കണ്ടുരസിക്കാം. വൈറസ് മേക്കര്‍മാര്‍ക്ക് ആന്ദലബ്ധിക്കിനിയെന്തുവേണം? മാല്‍വെയറുകള്‍ പടച്ചുവിടുന്ന കുറെയേറെ വില്ലന്മാര്‍ തുടക്കംമുതല്‍ ഫേസ്ബുക്കിനു പിന്നാലെയുണ്ട്. ഫേസ്ബുക്കില്‍ പേരെഴുതുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത അപകടവും ഇതുതന്നെ. മണിക്കൂറില്‍ 88,000ത്തോളം പേരെക്കൊണ്ട് ക്ലിക് ചെയ്യിച്ച് 6,00,000നുമേല്‍ ഫേസ്ബുക് അക്കൗണ്ടുകളെ കളങ്കപ്പെടുത്തിയ ഒരു മാല്‍വെയറിന്റെ നഖപ്പാട് ഫേസ്ബുക്കില്‍ വീണത് കടന്നുപോയ ഏപ്രിലിലാണ്! ഫേസ്ബുക്കിലൂടെ നിങ്ങള്‍ക്കൊരു "ഫ്രണ്ട് റിക്വസ്റ്റ്" കിട്ടുമ്പോള്‍ അധികമൊന്നു ആലോചിക്കാതെ അത് സ്വീകരിക്കുന്നതാണല്ലോ പതിവ്? പിന്നീട് ഈ പുതിയ കൂട്ടുകാരന്‍ നിങ്ങളുടെ "ഫേസ്ബുക്ക് ചുവരില്‍" കൗതുകമുണര്‍ത്തുന്ന ഒരു വിവരവും അതിലേക്ക് കടക്കാനുള്ള ലിങ്കും കുറിച്ചിടുമ്പോള്‍ അതിനെ പിന്തുടര്‍ന്ന് നിങ്ങള്‍ ചെന്നെത്തുന്നത് ചിലപ്പോഴൊരു ഫേക് വെബ്സൈറ്റിലേക്കാകും. അതോടെ, ഫേസ്ബുക്ക് ഹൈജാക്ക് ചെയ്യാനായി ആ സൈറ്റില്‍ കാത്തിരിക്കുന്ന ഒരു മാല്‍വെയര്‍ പ്രോഗ്രാമിന് നിങ്ങളുടെ കംപ്യൂട്ടറിലെത്താന്‍ വഴി കിട്ടിക്കഴിഞ്ഞു. കംപ്യൂട്ടറില്‍ കസേരയിട്ടു കയറിയിരുന്നു കഴിഞ്ഞാല്‍ ഇതേ അടവിലൂടെ ഫേസ്ബുക് ഇ-മെയില്‍ , ചാറ്റ്, ന്യൂസ് ഫീഡ്സ് എന്നിവയെല്ലാം കരുവാക്കി നിങ്ങളുടെ മറ്റു സുഹൃത്തുക്കളെയും ഇതുപോലെ ചതിച്ചുകൊണ്ടാകും മാല്‍വെയര്‍ വീരന്റെ കളിയുടെ തുടക്കം. ചുരുക്കത്തില്‍ ആയിരക്കണക്കിന് ഫേസ്ബുക് അക്കൗണ്ടുകള്‍ "ക്ലിക്ജാക്ക്" ചെയ്യാന്‍ അരനാഴികനേരം മതി. പിന്നീടാണ് ഈ മാല്‍വെയര്‍ , ഫേസ്ബുക്കിലുടെ മാറാവ്യാധി പിടിച്ച കംപ്യൂട്ടറുകളില്‍ നിന്ന് പാസ്വേഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സ്വകാര്യസംഗതികളും ചോര്‍ത്തിയെടുത്ത് തന്റെ ഗോഡ്ഫാദറായ ഹാക്കര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഫേസ്ബുക്ക് ഭദ്രമാക്കാന്‍ ചില നിസ്സാരകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നതാണ് അറിയേണ്ടത്. ആലോചനക്കുറവുകൊണ്ടുണ്ടാകുന്ന അപകടങ്ങളാണ് പലപ്പോഴും ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ സംഭവിക്കുന്നത്. ഇതൊഴിവാക്കണമെങ്കില്‍ : സുഹൃത്തുക്കളെ വിവേകത്തോടെ തെരഞ്ഞെടുക്കുക. തീര്‍ത്തും അപരിചിതരെങ്കില്‍ അവരുടെ ഇഷ്ടംകൂടാനുള്ള അഭ്യര്‍ഥന തല്‍ക്കാലം കണ്ടില്ലെന്നുനടിക്കാം. സുഹൃത്തുക്കളുടെ സന്ദേശങ്ങളുമായി യുക്തിപൂര്‍വം ഇടപഴകുക. അയലത്തെ അദ്ദേഹം അത്തരത്തിലൊരു കുറിപ്പ് അയക്കുമോ എന്ന് രണ്ടുവട്ടം ചിന്തിച്ചശേഷം ക്ലിക് ചെയ്യുന്നതു നന്ന്. സ്വന്തം "ഫേസ്ബുക് പ്രൊഫൈല്‍" അക്സസ് ചെയ്യാന്‍ തേഡ്പാര്‍ടി അപ്ലിക്കേഷനുകളെ അനുവദിക്കുന്നതിനു മുമ്പ് ആ അപ്ലിക്കേഷനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരതുന്നതാണ് നല്ലശീലം. ഫേസ്ബുക്ക് അംഗീകരിക്കാത്ത തേഡ് പാര്‍ടി അപ്ലിക്കേഷനുകളുടെ പ്രയോഗം ഒഴിവാക്കുകതന്നെ വേണം. സോഷ്യല്‍ നെറ്റ്വര്‍ക് അപകടങ്ങളെക്കുറിച്ച് ചില കുറിപ്പുകള്‍ :- http://www.utexas.edu/its/secure.articles/social_networking.php 
ഫേസ്ബുക്, ഇ-മെയിലുകള്‍ , ന്യൂസ് ഫീഡുകള്‍ , ചാറ്റ് എന്നിവയുമായി ബന്ധംവരുന്ന ലിങ്കുകളെ പ്രി-സ്ക്രീന്‍ ചെയ്യാനുള്ള ഒരു അപ്ലിക്കേഷന്‍ കൂടെയുണ്ടെങ്കില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട ആശങ്ക കുറയ്ക്കാം. വിശ്വസനീയമായ ഒരു ഫേസ്ബുക് അപ്രൂവ്ഡ് അപ്ലിക്കേഷനാണ് ബിറ്റ്ഡിഫന്‍ഡര്‍ സംഭാവനയായ "സേഫ് ഗോ!" http://www.bitdefender.com/media/html/facebook/safego/ ഫേസ്ബുക്കിന്റെതന്നെ സഹായഹസ്തമാണിത് http://www.facebook.com/safety/ ബാക് സ്പേസ്: കൈവിട്ടുപോയ കല്ലുപോലെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തതെല്ലാമെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചെന്നുവീണ ആ കല്ല് മറ്റാരുടെയെങ്കിലും ഉന്നത്തില്‍ വീണ്ടും പറപറക്കും. അതിനാല്‍ കരുതലോടെ മാത്രം എറിഞ്ഞുകളിച്ചാല്‍ കളി കാര്യമാകാതെ നോക്കാം