19 മേയ്, 2011

രോഗാണുക്കള്‍ കറന്‍സിനോട്ടിലും


മുഷിഞ്ഞ നോട്ടുകള്‍ കൈയില്‍വന്നാല്‍ അപ്പോള്‍തന്നെ കൊടുത്തുമാറ്റുന്നവരാണ് നാം. വലിയ കേടുപാടുകളില്ലെങ്കില്‍ ചിലപ്പോള്‍ അസാരം ദുര്‍ഗന്ധമുണ്ടെങ്കില്‍ പോക്കറ്റില്‍ തിരുകാനും നമ്മള്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഇത്തരം നോട്ടുകളില്‍ പലതും രോഗകാരികളായ ബാക്ടീരിയകളെയും ഫംഗസുകളെയും വഹിക്കുന്നവയാവുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെ, കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റെയും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇന്ത്യയിലെ ചില കറന്‍സിനോട്ടുകളിലും നാണയങ്ങളിലും മാരകരോഗാണുക്കളെ കണ്ടെത്തിയത്. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണ ജേണലായ "കറന്റ് സയന്‍സി"ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.
നഗരങ്ങളിലെ ഭിക്ഷാടകര്‍ , റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ , സ്കൂള്‍കുട്ടികള്‍എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ് (Staphylococcus),ക്ലെബിസിയെല്ല(Klebsiella), ബാസിലസ് (Bacillus), ഇ.കോളൈ (E.coli), എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍ , ആസ്പര്‍ജില്ലസ്നൈഗര്‍ (Aspergillus niger) എന്ന ഇനത്തെയും.
വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേി നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 
"രോഗവാഹരാ"വുന്നു എന്നാണ് പഠനം നല്‍കുന്ന സൂചന.

പൊതുജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍

1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍ , നോട്ടിന്മേല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. വിയര്‍ക്കുന്ന ശരീരഭാഗങ്ങളോടുചേര്‍ന്നുള്ള വസ്ത്രങ്ങളിലെ പോക്കറ്റുകളില്‍ കഴിവതും കറന്‍സി നോട്ടുകള്‍ നിക്ഷേപിക്കാതിരിക്കുക.
5. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
6. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
7. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ