19 മേയ്, 2011

പാതിരാസൂര്യനായി ഗൂഗിള്‍ വന്നാല്‍


ചാരക്കണ്ണുകള്‍ ഇമചിമ്മാതെ കാത്തുനില്‍ക്കുന്ന ഇന്റര്‍നെറ്റ് ലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കാനുള്ളതെല്ലാം നല്ലതിന് എന്ന സാന്ത്വനസന്ദേശത്തെ അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒരൊറ്റ ബ്രൗസിങ് കഴിയുന്നതോടെ സ്വന്തം ഇ-മെയില്‍ ഐഡികളും പാസ്വേഡുകളും ക്രെഡിറ്റ് കാര്‍ഡ് നമ്പരുകളും എല്ലാം കാണാമറയത്തിരിക്കുന്ന വില്ലന്റെ കൈയില്‍ക്കിടന്നു പിടയില്ലെന്ന് എങ്ങനെ തറപ്പിച്ചുപറയാനാവും? അത്രയ്ക്കുണ്ട് ഓണ്‍ലൈനില്‍ നടമാടുന്ന സ്പൈവെയറുകളുടെ സാമര്‍ഥ്യം!
സ്പൈവെയറുകളല്ലെങ്കിലും ചില പ്രോഗ്രാമുകള്‍ ചാരപ്പണിക്ക് കൂട്ടുനില്‍ക്കുന്നില്ലേ എന്ന സംശയത്തിന്റെ മുന നീണ്ടത് ഗൂഗിളിന്റെ "ഡെസ്ക്ടോപ്പ് സെര്‍ച്ച്" എന്ന അപ്ലിക്കേഷനിലേക്കായത് ആകസ്മികം മാത്രം. ഗൂഗിളിന്റെ, പ്രത്യേകിച്ചും ആ വണ്ടര്‍ഫുള്‍ സെര്‍ച്ച് എന്‍ജിന്‍ ടെക്നോളജിയുടെ, ആരാധകനായതിനാല്‍ അരികത്തണഞ്ഞപ്പോള്‍ത്തന്നെ ഗൂഗിള്‍ ഡെസ്ക്ടോപ്പ് സെര്‍ച്ച് അപ്ലിക്കേഷന്‍ കംപ്യൂട്ടറിലാക്കാനായിരുന്നു തിടുക്കം. കംപ്യൂട്ടറിനെ അടിമുടി സ്കാന്‍ചെയ്തെടുത്ത് ഒന്നാന്തരമൊരു സെര്‍ച്ച് ഇന്‍ഡക്സ് തയ്യാറാക്കാനും, വെബ്സെര്‍ച്ചിലെന്നപോലെ ഡെസ്ക്ടോപ് സെര്‍ച്ചും നല്ലൊരു അനുഭവമാക്കാനും പറ്റിയ ഒന്നാന്തരമൊരു അപ്ലിക്കേഷന്‍തന്നെയെന്ന് കാലതാമസമില്ലാതെ ബോധ്യമായപ്പോള്‍ "ഫോട്ടോഗ്രാഫിക് മെമ്മറി ഓഫ് യുവര്‍ പിസി" എന്ന ഗൂഗിളിന്റെ ആ വിശേഷണത്തോട് പൂര്‍ണമായും യോജിക്കുകയായിരുന്നു. സംഗതി സൂപ്പര്‍! http://desktop.google.com/
പിന്നീട് ഇന്റര്‍നെറ്റില്‍ത്തന്നെ മുക്കിലും മൂലയിലും ചില വിയോജനക്കുറിപ്പുകള്‍ കണ്ടപ്പോഴാണ് വീണ്ടുവിചാരം ഉണ്ടായത്. സ്വന്തമായി മാത്രം കൈാര്യംചെയ്യുന്ന കംപ്യൂട്ടര്‍ അവിടെയിരിക്കട്ടെ. അത്യാവശ്യത്തിന് വഴിയോരത്തുള്ള ഒരു നെറ്റ്കഫേയിലെയോ മറ്റോ പൊതു കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ അതില്‍ "ഗൂഗിള്‍ ഡെസ്ക്ടോപ് സെര്‍ച്ച്" ഒളിച്ചിരിപ്പുണ്ടെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം.
സിസ്റ്റത്തില്‍ ഐക്കണ്‍ തന്ത്രപൂര്‍വം ഹൈഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണെങ്കില്‍ പുറത്താരും അത് അറിയുകയില്ല. ഇ-മെയിലുകള്‍ , വേഡ് ഡോക്യുമെന്റുകള്‍ , പ്രസന്റേഷനുകള്‍ , എക്സല്‍ സ്പ്രെഡ്ഷീറ്റുകള്‍ , സെക്യുര്‍ (https://)   ആയതുള്‍പ്പെടെയുള്ള വെബ്പേജുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും എന്നിങ്ങനെ കൈകാര്യംചെയ്യുന്നതെല്ലാം അണിയറയില്‍ ഇന്‍ഡക്സ് ചെയ്യപ്പെടും. ചുരുക്കത്തില്‍ ആ സിസ്റ്റത്തിലെ നമ്മുടെ സകല ഡിജിറ്റല്‍ ആക്ടിവിറ്റികളും ചുവരെഴുത്തുപോലെ ആര്‍ക്കും കാണാനും വളച്ചൊടിക്കാനും എന്തെളുപ്പം. പാസ്വേഡുകളും കോഡുകളുംപോലും പല പല കൈകളിലൂടെ പാസ് ചെയ്തെന്നിരിക്കും!
കുരുട്ടുബുദ്ധിയുടെ വിളയാട്ടമുള്ളിടത്തേ ഇത്തരത്തിലൊരു ഗൂഗിള്‍ അപകടമുണ്ടാകൂ എന്ന് ആശ്വസിക്കാം. എന്തായാലും ഒന്നല്ലെങ്കില്‍ മറ്റൊരു "സ്പൈവെയര്‍" സര്‍വവ്യാപിയായി കണ്ടേക്കുമെന്ന സംശയം നല്ലതുതന്നെ. അപ്പോള്‍ പൊതു കംപ്യൂട്ടറുകളെ ആശ്രയിക്കേണ്ടിവന്നാല്‍ ഇത്രയെങ്കിലും കരുതല്‍ വേണം.
$ ബ്രൗസിങ്ങില്‍ മാത്രമായി പൊതു കംപ്യൂട്ടറിന്റെ ഉപയോഗം ചുരുക്കുക.
$ ഇ-മെയില്‍ നോക്കാതെവയ്യെങ്കില്‍ ഒരു റിമോട്ട് ആന്റി-സ്പൈവെയര്‍ സ്കാനിങ് നടത്തണം.
$ ബാങ്കിങ്/പര്‍ച്ചേസ് ആക്ടിവിറ്റികള്‍ക്ക് പബ്ലിക് ടെര്‍മിനലുകള്‍ വേണ്ടെന്നുറപ്പിക്കുക.
$ സര്‍ഫിങ് തീരുമ്പോള്‍ വെബ് ബ്രൗസര്‍ സെറ്റിങ് എടുത്ത് കുക്കികള്‍ , കാഷ്, ടെമ്പററി ഫയലുകള്‍ , വെബ് ഹിസ്റ്ററി എന്നിവ ഡിലീറ്റ് ചെയ്തശേഷം മാത്രം ഇരിപ്പിടം ഒഴിയുക.
$ ഗൂഗിള്‍ ഡെസ്ക്ടോപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ "ത്രീ ഫിംഗര്‍ സല്യൂട്ട്" (കണ്‍ട്രോള്‍ + ആള്‍ട്ട് + ഡിലീറ്റ്) അടിച്ച് വിന്‍ഡോസ് കംപ്യൂട്ടറെങ്കില്‍ അതിന്റെ "ടാസ്ക് മാനേജര്‍" വിന്‍ഡോ തുറന്ന് "പ്രോസസ്" ടാബിലേക്കു കടക്കുക. അവിടെ ഈ പ്രോസസുകളുണ്ടെങ്കില്‍ (GoogleDesktop.exe, GoogleDesktopindex.exe) അവ എന്‍ഡ് ചെയ്തശേഷം മാത്രം സെന്‍സിറ്റീവ് ഇന്റര്‍നെറ്റ് ആക്ടിവിറ്റികള്‍ തുടങ്ങുക. സ്വന്തം സിസ്റ്റത്തില്‍ സ്പൈവെയര്‍ ഉണ്ടെന്നു പേടിക്കുന്നതും ഇല്ലെന്ന് ആശ്വസിക്കുന്നതും അവരവരുടെ കാര്യം. സ്പൈവെയറുകളെ എങ്ങനെ തുരത്താമെന്ന് അറിയണമെങ്കില്‍ ഇത്രയെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തണം. http://www.voidrealms.com/article8.aspx.

രോഗാണുക്കള്‍ കറന്‍സിനോട്ടിലും


മുഷിഞ്ഞ നോട്ടുകള്‍ കൈയില്‍വന്നാല്‍ അപ്പോള്‍തന്നെ കൊടുത്തുമാറ്റുന്നവരാണ് നാം. വലിയ കേടുപാടുകളില്ലെങ്കില്‍ ചിലപ്പോള്‍ അസാരം ദുര്‍ഗന്ധമുണ്ടെങ്കില്‍ പോക്കറ്റില്‍ തിരുകാനും നമ്മള്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഇത്തരം നോട്ടുകളില്‍ പലതും രോഗകാരികളായ ബാക്ടീരിയകളെയും ഫംഗസുകളെയും വഹിക്കുന്നവയാവുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെ, കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റെയും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇന്ത്യയിലെ ചില കറന്‍സിനോട്ടുകളിലും നാണയങ്ങളിലും മാരകരോഗാണുക്കളെ കണ്ടെത്തിയത്. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണ ജേണലായ "കറന്റ് സയന്‍സി"ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.
നഗരങ്ങളിലെ ഭിക്ഷാടകര്‍ , റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ , സ്കൂള്‍കുട്ടികള്‍എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ് (Staphylococcus),ക്ലെബിസിയെല്ല(Klebsiella), ബാസിലസ് (Bacillus), ഇ.കോളൈ (E.coli), എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍ , ആസ്പര്‍ജില്ലസ്നൈഗര്‍ (Aspergillus niger) എന്ന ഇനത്തെയും.
വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേി നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 
"രോഗവാഹരാ"വുന്നു എന്നാണ് പഠനം നല്‍കുന്ന സൂചന.

പൊതുജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍

1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍ , നോട്ടിന്മേല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. വിയര്‍ക്കുന്ന ശരീരഭാഗങ്ങളോടുചേര്‍ന്നുള്ള വസ്ത്രങ്ങളിലെ പോക്കറ്റുകളില്‍ കഴിവതും കറന്‍സി നോട്ടുകള്‍ നിക്ഷേപിക്കാതിരിക്കുക.
5. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
6. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
7. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക.


11 മേയ്, 2011

കൂട്ടായ്മയിലെ കുരുതി


ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോള്‍ നഗരങ്ങളില്‍ മാത്രമല്ല; ഗ്രാമങ്ങളില്‍ പോലും സുലഭമാണ്. മനുഷ്യന്റെ അറിവ് നേടാനുള്ള ത്വരയെ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ലോകത്തെ ഒരു കമ്പ്യൂട്ടറിന്റെ "മോസി"ല്‍ ആധുനീക സാങ്കേതികവിദ്യകൊണ്ട് ഒതുക്കാന്‍ നമുക്ക് കഴിഞ്ഞു എന്നതാണ് സത്യം. ഇതോടൊപ്പം വെബ്സൈറ്റിലെ സൗഹൃദ കൂട്ടായ്മകളും ഇന്ന് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യപരമായ സൗഹൃദങ്ങള്‍ വളരുന്നതിനൊപ്പം ഇവയുടെ ദുരുപയോഗവും പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ ദുരുപയോഗം തടയാന്‍ വിവിധ സൈബര്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലാത്ത തരത്തില്‍ ഇത്തരം കൂട്ടായ്മകളുടെ ദുരുപയോഗം വര്‍ധിക്കുകയാണെന്ന് നമുക്ക് അറിയാം. ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു - സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് കൂടുതലും സാങ്കേതിക വിദഗ്ദരാണ് എന്നുളളതാണ്. തന്റെ നഗ്നചിത്രം ഓര്‍ക്കൂട്ടില്‍ കണ്ട് യുവതി ഞെട്ടി.... ബോധരഹിതയായി വീണ ഈ യുവതിയെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. നഗ്നചിത്രം എത്തിയതെങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് പ്രണയകഥ പുറത്തുവന്നത്. ദില്ലിക്കാരനുമായി തിരുവനന്തപുരത്തുകാരിയായ ഈ യുവതി പ്രണയത്തിലായിരുന്നു. ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കാമുകന്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇവരുടെ പ്രണയബന്ധം പൊളിഞ്ഞപ്പോള്‍ പ്രേമനൈരാശ്യത്താല്‍ കാമുകന്‍ കാമുകിയുടെ പേരില്‍ ഒരു സൈറ്റ് നിര്‍മിച്ച് വിവിധ പോസുകളിലുള്ള നഗ്നചിത്രങ്ങളിട്ടു. അടിക്കുറിപ്പുകളോടെയുള്ള ഈ ചിത്രങ്ങള്‍ ഏറെനാള്‍ പ്രചാരത്തിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് യുവതി വിവരമറിയുന്നത്. ഇതോടെ യുവതിയുടെ മനോനില തെറ്റി. കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഭാര്യയുമായുള്ള വിരോധം തീര്‍ക്കാന്‍ അവരുടെ നഗ്നചിത്രം ഓര്‍ക്കൂട്ടില്‍ ഇട്ട ഭര്‍ത്താവുണ്ട്. ഇയാളെ പൊലീസ് കൈയോടെ പിടികൂടി. ദുബായില്‍ താമസിക്കവേയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വിരോധം തീര്‍ക്കാന്‍ ഭാര്യയുടെ നഗ്നചിത്രം ഇട്ട ശേഷം കോള്‍ഗേളാണെന്ന അടിക്കുറിപ്പും ഫോണ്‍ നമ്പറും ഇട്ടു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. സാമൂഹ്യ വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദൈനംദിനം വര്‍ധിക്കുകയാണ്. സൈബര്‍ ക്രൈമുകളില്‍ കൂടുതലും ഇരകളാകുന്നത് സ്ത്രീകളാണ്. മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ സൈറ്റില്‍ ഇട്ട വീട്ടമ്മ ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോള്‍ തന്റെ ചിത്രങ്ങളെല്ലാം നഗ്നചിത്രങ്ങളായതാണ് കണ്ടത്. ഇവരുടെ ഭര്‍ത്താവ് നാവിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിരവധി വനിതാ സുഹൃത്തുക്കളുണ്ട്. ഇതില്‍ അസൂയ തോന്നിയ ഒരു യുവാവാണ് മറ്റൊരു നഗ്നചിത്രം മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ തലയ്ക്കു കീഴെ ചേര്‍ത്തത്. അന്വേഷണത്തില്‍ പ്രതിയെ പിടിച്ചു. തലസ്ഥാനത്തെ ഒരു വനിതാ ഡോക്ടറെ കോള്‍ഗേളാക്കി പ്രൈാഫൈല്‍ ആരംഭിച്ച കോഴിക്കോട്ടുകാരനായ പതിനാറുകാരനെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ കൈയോടെ പിടികൂടി. ലൈംഗിക ആവശ്യത്തിന് പുരുഷന്മാരെ ആവശ്യമുണ്ട് എന്ന പ്രൊഫൈലില്‍ ഡോക്ടറുടെ പേരും ഫോണ്‍ നമ്പരും ഇട്ടു. ഇതു കണ്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഡോക്ടര്‍ക്ക് ഫോണ്‍ വന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പതിനാറുകാരനെ പിടിച്ചത്. നാണക്കേടു ഭയന്ന് ഡോക്ടര്‍ പരാതിയുമായി മുന്നോട്ടു പോകാത്തതിനാല്‍ പയ്യന്‍ രക്ഷപ്പെട്ടു. അമ്മയുടെ ഫോട്ടോ പ്രൊഫൈലില്‍ ഇട്ട് കളിച്ച മകനും അമളി പറ്റി. അമ്മയുടെ ഫോട്ടോയ്ക്കു താഴെ വ്യാജ നഗ്നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വിരുതന്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. പലരും പറഞ്ഞ് അമ്മ വിവരമറിഞ്ഞപ്പോഴാണ് മകന്റെ വെബ്സൈറ്റ് കളി പുറത്തായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ മേലുദ്യോഗസ്ഥന്‍ ജീവനക്കാരിയുടെ പേരില്‍ അശ്ലീലങ്ങള്‍ എഴുതി സൈറ്റ് ആരംഭിച്ചത് റദ്ദ് ചെയ്യാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്് മാസങ്ങള്‍ക്കു മുമ്പാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കാത്ത നിയമ അധ്യാപകനെ വിദ്യാര്‍ഥികള്‍ ശിക്ഷിച്ചത് ഓര്‍ക്കൂട്ടിലൂടെയാണ്. അധ്യാപകന്റെ പ്രൊഫൈല്‍ ഹാക്ക്ചെയ്ത് കയറി വനിതാ സുഹൃത്തുക്കള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു. ഇതു കൂടാതെ അധ്യാപകന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി ഒരു സ്ത്രീയുടെ നഗ്നചിത്രം ഇട്ടു. ഒടുവില്‍ അധ്യാപകന് പ്രൊഫൈല്‍ മാറ്റേണ്ടിവന്നു. തലസ്ഥാനത്ത് വീടിനടുത്തുള്ള യുവാവുമായി ശാരീരികബന്ധത്തില്‍ വീട്ടമ്മ ഏര്‍പ്പെട്ടത് ദുബായിലുള്ള ഭര്‍ത്താവ് അറിഞ്ഞത് നെറ്റിലൂടെയാണ്. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ എടുത്ത യുവാവ് ഇത് പലര്‍ക്കും കൈമാറി. പലരും ഇത് നെറ്റിലിട്ടപ്പോള്‍ ഭര്‍ത്താവ് ദുബായില്‍വച്ച് കണ്ടു. ഉടനെ നാട്ടിലേക്കു തിരിച്ച ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. യുവാവിനെ പൊലീസ് പിടികൂടി മൊബൈല്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിനകം ചിത്രങ്ങള്‍ പ്രചാരത്തിലായിരുന്നു. 

കേസൊഴിയുന്നു അപമാനഭീതിയില്‍

സൗഹൃദകൂട്ടായ്മ വെബ്സൈറ്റുകളായ "ഓര്‍ക്കൂട്ട്", ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളുടെ ദുരുപയോഗം കുറച്ചുനാളുകളായി വ്യാപകമായിട്ടുണ്ട്. ലക്ഷക്കണക്കിനാളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഈ സൗഹൃദകൂട്ടായ്മയെ തകര്‍ക്കാനുള്ള ഗൂഢശ്രമവും ഇതിനു പിന്നിലുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹൈടെക് ക്രൈം സെല്ലില്‍ ലഭിച്ച പരാതികളുടെ എണ്ണം നൂറില്‍ കൂടുതലുണ്ട്. സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തെന്ന പരാതികളാണ് ഇതില്‍ അധികവുമുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ , അപമാനം ഭയന്ന് ഭൂരിഭാഗം പേരും പരാതിയില്‍നിന്ന് പിന്മാറുന്നു. ആദ്യം പരാതി കൊടുക്കുമെങ്കിലും പ്രതിയെ പിടികൂടുമ്പോള്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ പരാതിക്കാരില്‍ ഭൂരിഭാഗവും തയ്യാറാകുന്നില്ല. ഇതിനാല്‍ പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെടുന്നു. കേസുകളെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം ദുരുപയോഗക്കരുടെ പ്രവണത വര്‍ധിക്കുന്നു. ഗൂഗിളിന്റെ ഓര്‍ക്കൂട്ട് ദുരൂപയോഗം തടയാന്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇത് പാലിക്കുന്നില്ല. പ്രൊഫൈലില്‍ സ്വന്തം ചിത്രം ഇടാതിരുന്നാല്‍ ദുരുപയോഗം ഒരു പരിധിവരെ കുറയുമെന്ന് ഹൈടെക് എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമീഷണര്‍ എന്‍ വിനയകുമാരന്‍നായര്‍ പറയുന്നു. പ്രൊഫൈല്‍ ഫോട്ടോ നിഷ്പ്രയാസം എടുക്കാന്‍ സാധിക്കും. ഭൂരിഭാഗം പേരും സ്വന്തം പ്രൊഫൈല്‍ ലോക്ക് ചെയ്യാറില്ല. ഇതിനാല്‍ ആര്‍ക്കും സ്ക്രാപ്പുകള്‍ നിഷ്പ്രയാസം വായിക്കാനും ആല്‍ബങ്ങളില്‍നിന്ന് ചിത്രങ്ങള്‍ ഹാക്ക് ചെയ്യാനും സാധിക്കും. കുടുംബഫോട്ടോകളും മറ്റും ലോക്ക് ചെയ്ത് അടുത്ത സുഹൃത്തുക്കള്‍ മാത്രം കാണുന്ന രീതിയില്‍ നിയന്ത്രിക്കുക. അപരിചിതരുടെ സൗഹൃദക്ഷണങ്ങളും സ്ക്രാപ്പുകളും സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ വച്ചാല്‍ ഒരു പരിധിവരെ ദുരുപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു. സാങ്കേതികമായി വൈദഗ്ധ്യം ഉള്ളവരാണ് ഹാക്ക് ചെയ്യുന്നതിനു പിന്നിലുള്ളത്. അതിനാല്‍ നിയന്ത്രണം പാലിക്കാതിരുന്നാല്‍ ദുരുപയോഗം വര്‍ധിക്കും. ഇത്തരം സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. അല്‍പം ശ്രദ്ധയും ഇതുപോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. എന്തും ദുരുപയോഗം ചെയ്യാനുള്ള ചില ആളുകളുടെ സ്വഭാവമാണ് ഇത്തരം സൈറ്റുകളെ പേടിയോടെ വീക്ഷിക്കുന്നതിന് കാരണമാകുന്നത്്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും കോഴിക്കോട് ബസിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന പൂര്‍ണിമയ്ക്ക് ഫേയ്സ്ബുക്കിലെ സുഹൃത്തുക്കള്‍വഴി 53 ലക്ഷത്തിലധികം രൂപ ചികിത്സാസഹായം കിട്ടിയത് ഈ അവസരത്തില്‍ വിസ്മരിച്ചുകൂടാ. ഇതില്‍നിന്ന് ഒരു കാര്യം ഉറപ്പാണ് - നൂതന സാങ്കേതിക വിദ്യകള്‍ക്കല്ല കുഴപ്പം, മറിച്ച് അത് ദുരുപയോഗം ചെയ്യുന്നവര്‍ക്കാണ്.

08 മേയ്, 2011

കുട്ടികളെ കൊല്ലുന്ന ഫാംവില്ലെ!

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ഫാംവില്ലെ ഒരു കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെ ഫാംവില്ലെ ഉപയോക്താവായ സ്ത്രീയാണ് തന്റെ കുഞ്ഞിനെ കൊന്നത്. ഫാംവില്ലെ ഗെയിമിന് അടിപ്പെട്ട ഇവര്‍ കളിക്കുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞ കുട്ടിയെ തത്സമയം കൊല്ലുകയായിരുന്നു.

അലക്സാണ്ട്ര വി തൊബിയാസ് എന്ന ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. ഇത്തരമൊരു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം പ്രായമായ കുട്ടിയെയാണ് ഇവര്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കായി കൊന്നത്.

ഫാംവില്ലെ ഗെയിമിന് അടിപ്പെടുന്നവരുടെ എണ്ണം ദിനം‌പ്രതി വര്‍ധിച്ചുവരികയാണ്. ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട് ചെലവിട്ട കുട്ടിയുടെ റിപ്പോര്‍ട്ടും അടുത്തിടെ വന്നിരുന്നു. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് കുട്ടി പണം നല്‍കിയത്.

കുറഞ്ഞകാലം കൊണ്ട് ഫേസ്ബുക്കില്‍ ഏറെ ജനപ്രീതി നേടിയ ഗെയിമാണ് ഫാംവില്ലെ. വിര്‍ച്വല്‍ കൃഷിയിടവും വിളവും നല്‍കുന്ന ഗെയിം കളിക്കാരന്റെ മികവിന് അനുസരിച്ച് മുന്നോട്ടുകൊണ്ടു പോകാനാകും. വിത്തുപാകല്‍, കൃഷിയിടം നനക്കല്‍, വിളവെടുപ്പ്, ഇതിന് പുറമെ ആട്, പശു, താറാവ്, കോഴി എന്നിവയെല്ലാം വളര്‍ത്താനും ഈ ഗെയിമില്‍ അവസരമുണ്ട്.

ഫാംവില്ലെയില്‍ 230 ദശലക്ഷം പേര്‍ സ്ഥിരമായി കളിക്കാനെത്തുന്നു. ഇതിന് പുറമെ മാഫിയ വാര്‍, കെയ്ഫ് വേള്‍ഡ്, പെറ്റ്വില്ലെ, ഫിഷ്‌വില്ലെ ഗെയിമുകളും സജീവമാണ്.